01:51am 26 October 2026
NEWS
കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
24/07/2025  12:54 PM IST
nila
 കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കണ്ണൂർ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. . അടുത്തില വയലപ്ര സ്വദേശി എം.വി. റീമ (30) മൂന്നു വയസുള്ള മകൻ  കൃശിവ് രാജുമായാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കുമെതിരെ ​ഗുരുതര ആരോപണങ്ങളാണ് റീമയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണെന്നും യുവതി കത്തിൽ കുറിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലാണ് റീമ ആത്മ​ഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. 

‘‘ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല. എന്നെയും കുട്ടിയെയും അമ്മയുടെ വാക്കു കേട്ട് ഭർത്താവ് കമൽ രാജ് വീട്ടിൽനിന്ന് ഇറക്കിവിട്ടു. മകനെ അവർക്ക് വേണമെന്ന സമ്മർദം സഹിക്കാൻ പറ്റിയില്ല. എന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പമാണ്. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്. അവർ എന്നോടു പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്കു പറയും. എന്നെയും ഭർത്താവിനെയും എപ്പോഴും തമ്മിൽ തല്ലിക്കും.’’ – കുറിപ്പിൽ പറയുന്നു. 

ഭർത്താവുമായി അകന്ന് റീമ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. റീമയുടെ ആത്മഹത്യക്കു പിന്നാലെ, തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്ന റീമയുടെ വാട്സാപ്പ് സന്ദേശവും കണ്ടെടുത്തിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img